കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ചുമതലകളിലേക്ക്. കോട്ടയം ജില്ലാ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി വിധി വത്തിക്കാൻ അംഗീകരിച്ചു. അദ്ദേഹം ഉടൻ ചമതലയേൽക്കുമെന്ന് ആർച്ച് ബിഷപ്പ് ലിയോ പോൾഡോ വ്യക്തമാക്കി. പീഡന പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ 2018 ലാണ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ അധ്യക്ഷ പദവിയിൽ നിന്നും നീക്കിയത്.
ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. വെറുതേ വിടുന്നു എന്ന ഒറ്റവരിയിലായിരുന്നു ജഡ്ജി ജി ഗോപകുമാര്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന് പ്രതിക്കെതിരെ തെളിവ് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാങ്കോയെ വെറുതെ വിട്ടത്. ജലന്ധർ ബിഷപ്പായിരിക്കെ 2014നും 2016നും ഇടയിൽ കോട്ടയം കോൺവെൻറിലെത്തിയപ്പോൾ തന്നെ പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.