ഡല്‍ഹി: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മുതിര്‍ന്ന നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞ 46 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നയാളാണ്. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ രാജി.
സംസ്ഥാന കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും പാര്‍ട്ടി വിടുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അദ്ദേഹം.
‘നിലവിലെ സാഹചര്യത്തില്‍ തന്റെ അന്തസിന് യോജിച്ച രീതിയില്‍, പാര്‍ട്ടിക്ക് പുറത്ത് നിന്നുകൊണ്ട് ദേശീയ വിഷയങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു’ -അശ്വനി കുമാര്‍ കത്തില്‍ പറയുന്നു.
പഞ്ചാബില്‍ നിന്നുള്ള മുന്‍ രാജ്യസഭാ എം.പി കൂടിയാണ് അശ്വനി കുമാര്‍. പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കെ അശ്വനി കുമാറിന്റെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു അശ്വനി കുമാര്‍. നേരത്തെ പാര്‍ട്ടിക്കകത്ത് നിന്ന് കൊണ്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക്, തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് കത്തയച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.