വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. മേഘാലയയിലും അസമിലും പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 31 ആയി. മേഖലയിലെ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോള്‍ കൂടുതല്‍ വഷളായിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മരണസംഖ്യ ഇന്നലെ 14 ആയിരുന്നു (അസാമില്‍ 9 ഉം മേഘാലയയില്‍ 5 ഉം) എന്നാല്‍ ഇതിനകം 31 ആയി ഉയര്‍ന്നു
അസമിലെ പ്രളയ സഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രസഹായം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ അറിയിച്ചു. അസമില്‍ ഇതുവരെ 28 ജില്ലകളിലായി 19 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ബാലാജി ജില്ലയില്‍ മാത്രം 3 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു. കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി. 43,338 ഹെക്ടര്‍ വിളകള്‍ നശിച്ചു.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ബ്രഹ്‌മപുത്ര, ഗൗരംഗ നദികളിലെ ജലനിരപ്പ് നിരവധി പ്രദേശങ്ങളില്‍ അപകട പരിധിക്ക് മുകളിലാണ് ഒഴുകുന്നത്. 28 അസം ജില്ലകളിലായി 19 ലക്ഷം പേരെയെങ്കിലും വെള്ളപ്പൊക്കം ബാധിച്ചു, പുതുതായി സ്ഥാപിച്ച ബജാലി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ശക്തമായ മഴയേ തുടര്‍ന്ന് മേഘാലയ, അസം, അരുണാച്ചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നാളെ വരെ തുടരും.