സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പനി പടരുന്നത് ആശങ്കയുണ്ടാക്കുന്നു. ഡെങ്കിയും എലിപ്പനിയുമുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
എറണാകുളത്ത് 2600 കുട്ടികള്‍ പഠിക്കുന്ന സ്വകാര്യ സ്‌കൂളില്‍ കഴിഞ്ഞ ദിവസം പനി ബാധിച്ച് വരാതിരുന്നത് 120 ഓളം പേര്‍. പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും വിട്ടു മാറാത്തതിനാല്‍ നാലോ അഞ്ചോ ദിവസം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയുന്നില്ല. പനി പൂര്‍ണമായും മാറാതെ സ്‌കൂളിലേക്ക് വരേണ്ടതില്ലെന്നാണ് അധ്യാപകരും നിര്‍ദേശിക്കുന്നത്.
ഇടുക്കി ജില്ലയില്‍ ഇപ്പോള്‍ തക്കാളിപ്പനി വ്യാപിക്കുന്നുണ്ട്. ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ദിവസം രണ്ട് തക്കാളിപ്പനി കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് വിവരം. ഇതുവരെ കേരളത്തില്‍ 80ലധികം കുട്ടികള്‍ക്കാണ് തക്കാളി പനി സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌കൂളുകളും അങ്കണവാടികളും സജീവമായതോടെയാണ് വീണ്ടും തക്കാളിപ്പനി വ്യാപനമുണ്ടായത്.