ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ ജ്വല്ലറി ഡയറക്ടറായ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഹാരിസ് അബ്ദുള്‍ ഖാദറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ വ്യാപക റെയ്ഡ് നടന്നിരുന്നു.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുന്‍ എം.എല്‍.എ എം.സി കമറുദീന്റെയും ഉടമ പൂക്കോയ തങ്ങളുടെയും വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരിന്നു . ഇരുവരുടെയും ബന്ധുക്കളുടെ വീടുകളിലും ഓഫീസിലുമടക്കം 7 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത് . കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി രമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ജ്വല്ലറിയുടെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വിദേശ നിക്ഷേപം, ആസ്തി വിവരങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു പരിശോധന. കേസില്‍ അന്വേഷണം ഊര്‍ജിതമല്ലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പരാതിക്കാര്‍ സമരപരിപാടികളിലേക്ക് കടക്കാനൊരുങ്ങവെയാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ നേരത്തെ കേസെടുത്തത്. മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരില്‍ നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്കിയ പരാതിയിലാണ് എംഎല്‍എയ്ക്കെതിരെ കേസ്.
എണ്ണൂറോളം പേര് നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷന്‍ ഗോള്ഡിന് ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു. എന്നാല്‍, നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു.