തിരുവനന്തപുരം: ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ ഏപ്രില്‍ പത്തിനുള്ളില്‍ തീര്‍ക്കാന്‍ വിദ്യാഭ്യാസവകുപ്പും അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മാര്‍ച്ച 31-നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ശനിയാഴ്ച പ്രവൃത്തി ദിനമാക്കി മാറ്റിയുള്ള ക്ലാസുകള്‍ മാര്‍ച്ച് വരെ മാത്രം മതിയെന്ന് ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനോട് സഹകരിക്കാന്‍ തയ്യാറെന്ന് അധ്യാപക സംഘടനകള്‍ അറിയിച്ചിരുന്നു.
വിദ്യാഭ്യാസ മന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് അധ്യാപകരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ലെന്നും മന്ത്രി യോഗത്തെ അറിയിച്ചു. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ മാസത്തില്‍ നടത്താനും തീരുമാനമായി.
കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നത്. അതേസമയം, മുഴുവന്‍ കുട്ടികളേയും ക്ലാസുകളിലെത്തിക്കാന്‍ അധ്യാപകര്‍ കൂടി ഇടപെടല്‍ നടത്തും. കുട്ടികളെ ക്ലാസുകളിലെത്തിക്കാനായി സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ തലത്തില്‍ യോഗം ചേരാനും തീരുമാനമായി.
എല്ലാ പാഠഭാഗങ്ങളും പഠിപ്പിക്കുന്നതിനാല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ ആവശ്യമില്ലെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടികാട്ടി. ചോദ്യപേപ്പര്‍ തയ്യാറായതിനാല്‍ മാറ്റം സാധ്യമല്ലെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. മാര്‍ക്ക് കുറയുമെന്ന ആശങ്കകള്‍ പരിഹരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നത് പിന്നീട് ആലോചിക്കും. പരീക്ഷാ നടത്തിപ്പിനും പാഠഭാ?ഗങ്ങള്‍ തീര്‍ക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 21ന് മുന്‍പായി വിപുലമായ യോഗങ്ങള്‍ ചേരും.