Home News ഇന്ത്യ- ഇം​ഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തുടക്കം

ഇന്ത്യ- ഇം​ഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തുടക്കം

157
0

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഇന്ന്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരയെന്ന റെക്കോർഡോടെയാണ് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറുന്നത്. കഴിഞ്ഞ വർഷം ഓ​ഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നടന്ന ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ത്യൻ ടീം ക്യാമ്പിലെ കൊറോണ വ്യാപനത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. അന്ന് മുടങ്ങിയ മത്സരമാണ് 298 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും നടക്കുന്നത്. വൈകിട്ട് മൂന്നരയ്‌ക്ക് എഡ്ജ്ബാസ്റ്റണിലാണ് കളി ആരംഭിക്കുക. എഡ്ജ്ബാസ്റ്റണിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇതുവരെ ഇന്ത്യ വിജയിച്ചിട്ടില്ല. കളിച്ച 7 മത്സരങ്ങളിൽ ആറും തോറ്റു. ഒരു ടെസ്റ്റിൽ സമനിലയും നേടി.

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കാത്തത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. കൊവിഡ് മുക്തനാവാത്ത രോഹിത്തിന് പകരം പേസ് ബൗളർ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. 1987ല്‍ കപില്‍ ദേവാണ് ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍. ഈവര്‍ഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റൻ കൂടിയാണ് ജസ്പ്രിത് ബുമ്ര.

മാസങ്ങൾക്ക് ശേഷം മത്സരം വീണ്ടും ആരംഭിക്കുമ്പോൾ ഇരു ടീമുകളില‍ും അന്ന് കളിച്ച കളിക്കാർ പലരും ​​ഗ്രൗണ്ടിലിറങ്ങുന്നില്ല. രണ്ടു ടീമുകളുടെയും പരിശീലകനും ക്യാപ്റ്റനും മാറി എന്നതാണ് പ്രധാന പ്രത്യേകത. കഴിഞ്ഞ ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരായി കളിച്ചവരിൽ നാല് പേർ മാത്രമാണ് അഞ്ചാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിനായി ഇറങ്ങുക. ഒലീ പോപ്പ്, ജോ റൂട്ട്, ജോണഇ ബെയർസ്റ്റോ, ജിമ്മി ആൻഡേഴ്സൻ എന്നിവരാണ് കളിയിക്കാനിറങ്ങുന്ന നാല് പേർ. ഇന്ത്യൻ ടീമിൽ കളിച്ച കെ.എൽ.രാഹുൽ, അജിൻക്യ രഹാനെ എന്നിവരും കളിയ്‌ക്കുന്നില്ല.

പരമ്പരയിൽ 2-1 ന് മുന്നിൽ നിൽക്കുകയാണ് ഇന്ത്യ. ലെസസ്റ്റർഷെയറിനെതിരായ പരിശീലന മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സിലും മികച്ചുനിന്ന വിക്കറ്റ് കീപ്പർ കെഎസ് ഭരത് ഇന്ത്യൻ ഓപ്പൺ ചെയ്തേക്കുമെന്നാണ് കരുതപ്പെടുന്നത്. രോഹിതിൻ്റെ അഭാവത്തിൽ ഭരതിന് അവസരം ലഭിക്കുമെന്നാണ് സൂചന. അതേസമയം, ചേതേശ്വർ പൂജാരയെ ഓപ്പണിംഗിലേക്ക് മാറ്റി ഹനുമ വിഹാരിയെ മൂന്നാം നമ്പറിൽ പരീക്ഷിക്കാനും സാധ്യതയുണ്ട്. അശ്വിൻ കൊവിഡ് മുക്തനായി ടീമിനൊപ്പം ചേർന്നെങ്കിലും ജഡേജ തന്നെ കളിച്ചേക്കും.

Previous articleരാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഇന്ന് മുതൽ നിരോധനം; നിയമം ലംഘിച്ചാൽ കർശന നടപടി
Next articleആലപ്പുഴയിൽ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ അജ്ഞാതർ തകർത്തു; പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ്