സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തുന്നതിനായി സ്വപ്ന സുരേഷിന് ഇ ഡി നോട്ടീസ്. ഈ മാസം 22ന് കൊച്ചി ഇ ഡി ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍, രഹസ്യ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. തുടരന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്. 22ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസം സ്വപ്നയുടെ രഹസ്യമൊഴി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇഡിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനു ഹാജരാകുമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു.