ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ട് ദിവസത്തെ സമയം കൂടി നല്‍കിയെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത തീയതി ഏതാണെന്ന് അറിയിക്കാമെന്നും അവര്‍ വ്യക്തമാക്കി. മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചത്.
സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം നടത്തുന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ സ്വപ്നയുടെ മൊഴിയെടുത്ത് കോടതിയില്‍ നല്‍കാനാണ് ഇഡി നീക്കം. ചോദ്യം ചെയ്യലിനായി ഇന്ന് ഇഡി ഓഫീസിലെത്തിയ സ്വപ്ന സമയം നീട്ടിച്ചോദിക്കുകയായിരുന്നു. സ്വപ്ന സുരേഷ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
സ്വപ്ന സുരേഷിനു സ്പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച് നല്കിയ ശമ്പളം തിരികെ പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്വപ്നയ്ക്ക് നല്കിയ ശമ്പളം മടക്കി നല്‍ണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനു (പിഡബ്ല്യുസി) കത്തെഴുതി. പിഡബ്ലുസിയാണ് നിയമനത്തിനായി സ്വപ്നയെ തെരഞ്ഞെടുത്തതെന്ന് കെഎസ്ഐടിഐഎല്‍ (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) അധികൃതര്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തുക തിരിച്ചു നല്‍കിയില്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സി ഫീസായി പിഡബ്ല്യുസിക്കു നല്‍കാനുള്ള ഒരു കോടിരൂപ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.