സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. അതേസമയം, പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ നിലവില്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ഇബിയില്‍ വര്‍ഷങ്ങളായി പ്രൊമോഷന് മുടങ്ങിയിരുന്ന 4190 തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷന് ലഭിക്കുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എല്ലാ യൂണിയന് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സുപ്രിം കോടതിയിലെ കേസ് അതിവേഗം പരിഗണനയില്‍ കൊണ്ട് വരുന്നതിനുള്ള ഇടപെടലുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ആദ്യ ആഴ്ച തന്നെ കേസ് പരിഗണിക്കുകയും ഇന്നലെ വിധി പ്രഖ്യാപിക്കുകയും ചെയ്തു’. മന്ത്രി പറഞ്ഞു.
വിധി പഠിച്ച് അര്‍ഹതപ്പെട്ട പ്രമോഷനുകള്‍ രണ്ടാഴ്ചയ്ക്കകം കൊടുക്കാന്‍ കെഎസ്ഇബി ചെയര്മാന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
അതിനിടെ, കെഎസ്ഇബിയിലെ ഇടത് ട്രേഡ് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍ന്നു. സമരക്കാര്‍ക്ക് വഴങ്ങിയ സര്‍ക്കാര്‍ എസ്ഐഎസ്എഫ് സെക്യുരിറ്റി വിന്യാസത്തില്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന ഉറപ്പ് നല്കി. എസ്ഐഎസ്എഫ് സെക്യുരിറ്റി കെഎസ്ഇബി ആസ്ഥാനത്തെ രണ്ട് ഓഫീസുകളില്‍ മാത്രമായി ചുരുക്കും. ഗേറ്റുകള്‍, പ്രധാനകവാടം, ചെയര്‍മാന്റെ ഓഫീസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്ന് എസ്ഐഎസ്എഫിനെ ഒഴിവാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഉന്നയിച്ച വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പ് ലഭിച്ചെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ നടപടിയുമുണ്ടാകില്ല.