Home News സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

103
0

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയത്.

കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന അഭിമുഖങ്ങളില്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്.

ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ഇ.ഡി ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇ.ഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും എന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

കള്ളപ്പണ ഇടപാടില്‍ ശിവശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമായിരുന്നു എന്നും സ്വപ്ന അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇഡി സ്വപ്നയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

 

Previous articleശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു; മൂന്ന് മരണം
Next articleനടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം തടയണം; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും