സ്വർണ്ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഷാജ് കിരണിന്റെ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനൊരുങ്ങി ഇ ഡി. മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴിയാണ് പോകുന്നതെന്ന ഷാജിന്റെ വെളിപ്പെടുത്തലാണ് ഇ ഡി അന്വേഷിക്കാൻ ഒരുങ്ങുന്നത്. സംഭാഷണം വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഷാജ് കിരണിന്റെ മൊഴിയും ഇ ഡി രേഖപ്പെടുത്തിയേക്കും.
സ്വപ്ന സുരേഷ് പുറത്തുവിട്ട ഷാജ് കിരണിന്റെ ഫോൺ സംഭാഷണങ്ങളിൽ പറയുന്ന അനധികൃത സാമ്പത്തിക വിവരങ്ങൾ മുഖ്യമന്ത്രിയ്ക്കും കോടിയേരി ബാലകൃഷ്ണനും തലവേദനയാകുമോ എന്ന് വരുന്ന ദിവസങ്ങളിൽ അറിയാം. ബിലീവേഴ്സ് ചർച്ച് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ യുഎസിലേക്ക് പോകുന്നതെന്നായിരുന്നു ഷാജ് കിരൺ സ്വപ്ന സുരേഷിനോട് പറഞ്ഞത്. ബിലീവേഴ്സ് ചർച്ച് വഴിയാണ് ഇരു നേതാക്കളുടെയും പണം വിദേശത്തേക്ക് പോയതെന്നും ഇതുകൊണ്ടാണ് ബിലീവേഴ്സ് ചർച്ചിന്റെ എഫ് സി ആർ എ റദ്ദാക്കിയതെന്നുമാണ് ഷാജ് കിരൺ പറയുന്നത്. മുഖ്യമന്ത്രിയുടെ ദൂതനായി എത്തി രഹസ്യമൊഴി മാറ്റാൻ കടുത്ത സമ്മർദ്ദം ചെലുത്തിയതായി സ്വപ്ന പരാതിപ്പെട്ട മുൻ മാദ്ധ്യമപ്രവർത്തകൻ ഷാജ് കിരൺ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിലാണ് ഇ ഡി സംഘം വീക്ഷിക്കുന്നത്.