Home News കാരക്കോണം മെഡിക്കല്‍ കോളജിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി പരിശോധന

കാരക്കോണം മെഡിക്കല്‍ കോളജിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി പരിശോധന

87
0

തിരുവനന്തപുര൦: കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് സി എസ് ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഒരേ സമയം നാലിടങ്ങളില്‍ ആണ് പരിശോധന നടക്കുന്നത്. അഴിമതി നിരോധന നിയമം, വിശ്വാസ വഞ്ചന, കബളിപ്പക്കൽ, പണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സി എസ് ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍പ് തന്നെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടർന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ പരിശോധന.

മെഡിക്കൽ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷൻ നൽകിയില്ലെന്നാണ് കേസ്. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 2016 മുതൽ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷാ മേൽനോട്ട സമിതിക്ക് മുന്നിൽ ബിഷപ്പ് ധർമരാജ് റസാലത്ത് സമ്മതിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാർത്ഥികൾ അടക്കം 24 കുട്ടികളിൽ നിന്നായിരുന്നു ലക്ഷങ്ങൾ കോഴയായി വാങ്ങിയത്. 92 ലക്ഷം വരെയായിരുന്നു കോഴ വാങ്ങിയിരുന്നത്. കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പാളയം എല്‍എംഎസ് ആസ്ഥാനത്ത് രാവിലെ മുതല്‍ കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘം പരിശോധന നടത്തിവരികയാണ്. കൂടാതെ സി എസ് ഐ സഭാ സെക്രട്ടറി ടി ടി പ്രവീണിന്റെ രണ്ട് വീടുകളിലും കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ വസിതിയിലും ഇ ഡിയുടെ പരിശോധന നടക്കുകയാണ്.

Previous articleഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു
Next articleതൃശൂരിൽ 3,600 ലിറ്റര്‍ മദ്യവേട്ട; 2 പേര്‍ പിടിയിൽ