തെക്കന്‍ ഇറാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഭൂചലനത്തില്‍ അഞ്ച് പേര്‍ മരിച്ചതായി ആണ് റിപ്പോര്‍ട്ട്. 44 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . തെക്കന്‍ ഇറാനി ഇന്ന് പുലര്‍ച്ചെ 1.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.2 മുതല്‍ 6.3 വരെയാമ് തീവ്രത രേഖപ്പെടുത്തിയത്.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പന്ത്രണ്ട് ഗ്രാമങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്ന സയേഖോഷ് ഗ്രാമത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഭൂചലനത്തെ തുടര്‍ന്ന് അഞ്ച് ഗ്രാമങ്ങളില്‍ വൈദ്യുതിവിതരണം തടസപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രകമ്പനം യു.എ.ഇയിലെ വിവിധ സ്ഥലങ്ങളില്‍ അനുഭവപ്പെട്ടു. ബഹ്റൈന്‍, സൗദി അറേബ്യ, ഇറാന്‍, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം ഗള്‍ഫില്‍ എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയും ഇറാനില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തെക്കന്‍ ഇറാനിലെ കിഷ് ദ്വീപില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കന്‍ മേഖലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.