മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവരെ തളളിമാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചെന്നാണ് ഇ പി ജയരാജന്‍ പറയുന്നത്. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും ഇ പി പറഞ്ഞു.
വിമാനം ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോളായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധക്കാരെ ജയരാജന്‍ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ് എന്നിവരാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.പ്രതിഷേധക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം.