രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് വിട്ട് കേരളത്തിലേക്ക് പോയതിനുള്ള മറുപടി ജനങ്ങള്‍ നല്‍കിക്കഴിഞ്ഞു എന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും റായ്ബറേലി എംഎല്‍എയുമായ അദിതി സിംഗ്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദിതി സിംഗ് നടത്തിയത്. വിവിഐപി മണ്ഡലമായിട്ടും റായ്ബറേലിയിലെ ജനങ്ങള്‍ നല്കിയ സ്നേഹത്തിന്റെ ഒരംശം പോലും നെഹ്റു കുടുംബം തിരികെ നല്‍കിയിട്ടില്ലെന്നും അദിതി സിംഗ് പറഞ്ഞു.
2024ല്‍ പ്രിയങ്ക ഗാന്ധിക്കും റായ്ബറേലിയിലെ ജനങ്ങള്‍ ഇതേ മറുപടി നല്‍കുമെന്നും അദിതി സിംഗ് പറഞ്ഞു. ബിജെപിയില്‍ താന്‍ കൂടുതല്‍ സന്തുഷ്ടയാണ് എന്നും അദിതി പറഞ്ഞു. അച്ചടക്കമുള്ള പാര്‍ട്ടിയാണ് ബിജെപി. കോണ്‍ഗ്രസില്‍ അച്ചടക്കമില്ല. കോണ്‍ഗ്രസില്‍ സംഘടനാ സംവിധാനം ഇല്ല. യുപി കോണ്‍ഗ്രസില്‍ മികച്ച നേതൃത്വത്തിന്റെ അഭാവമുണ്ട് എന്നും അദിതി സിംഗ് പറഞ്ഞു.
403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേയ്ക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നാളെ കൊട്ടിക്കലാശിയ്ക്കും. സംസ്ഥാനത്തെ 59 സീറ്റുകളിലേക്കാണ് ഫെബ്രുവരി 20ന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഹത്രാസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഇറ്റാ, മെയിന്‍പുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഔറിയ, ഝാന്‍സി, ലളിത്പൂര്‍, ഹമീര്‍പൂര്‍, മഹോബ എന്നീ 16 ജില്ലകളാണ് മൂന്നാം ഘട്ടത്തില്‍ ബൂത്തില്‍ എത്തുക.