Home News നടിയെ ആക്രമിച്ച കേസ്: ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തള്ളി

നടിയെ ആക്രമിച്ച കേസ്: ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തള്ളി

164
0

നടിയെ ആക്രമിച്ച കേസില്‍ ക്രൈം ബ്രാഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടര്‍ന്നും ഈ ബെഞ്ചില്‍ തന്നെയാകും പരിഗണിക്കുക. ആദ്യം മുതല്‍തന്നെ ഈ കേസ് പരിഗണിക്കുന്നതിനാല്‍ തനിക്ക് ഈ കേസില്‍ നിന്ന് പിന്മാറാനാവില്ലെന്ന് കൗസര്‍ എടപ്പഗത്ത് പറഞ്ഞു. ഈ കേസ് 1.45 ന് വീണ്ടും പരിഗണിക്കും.

കൗസര്‍ എടപ്പഗത്താണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ഹര്‍ജി ആദ്യം മുതല്‍ പരിഗണിച്ചത്. ആദ്യം ക്രൈം ബ്രാഞ്ചിന്റെ സമയപരിധി മാര്‍ച്ച് മുപ്പതിനാണ് നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 15 ലേക്ക് ഇത് നീട്ടുകയും പിന്നീട് മേയ് 30 വരെ സമയം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് നടി ആവശ്യവുമായെത്തിയത്. എന്നാല്‍ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി.

കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി. തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി ഉച്ചയ്ക്ക് 1.45 ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം ദ്യശ്യങ്ങള്‍ തന്റെ കയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്ന് ലഭിച്ചതാണെന്നും ദിലീപ് പറയുന്നു. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ആ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടര്‍നടപടികളുണ്ടാകും.

Previous articleവവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്, കുട്ടികള്‍ മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി
Next articleമാസ്‌കും ഹെല്‍മെറ്റും ധരിക്കാത്ത ഡല്‍ഹി പൊലീസുകാര്‍ക്കെതിരേ നടപടി; നിര്‍ദ്ദേശവുമായി ഡല്‍ഹി ഹൈക്കോടതി