നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് റദ്ധാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല നല്‍കിയത്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിനുള്ള ഉത്തരവ് വിജിലന്‍സ് രജിസ്ട്രാര്‍ ഇറക്കിയത്. എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നെന്നാണ് ആരോപണം ഉയര്‍ന്നത്. കോടതിയുടെ പരിധിയില്‍ ഇരിക്കേ ദൃശ്യം ചോര്‍ന്നു എന്നുള്ളതാണ് ഗുരുതര ആരോപണം.