എറണാകുളം കിഴക്കമ്പലത്ത് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെതുടര്‍ന്ന് മരിച്ച ട്വന്റി-ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ദീപുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. ഫൊറന്‍സിക് വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ.ബി.കെ.ജെയിംസ് കുട്ടിയുടെയും ഡോ.ജോമോന് ജേക്കബിന്റെയും നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം.
ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ണമായി കാമറയില്‍ ചീത്രീകരിക്കുന്നു.ഉച്ചയ്ക്ക് മുന്‍പായി പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധപ്പെട്ടവര്‍ക്ക് വിട്ടുനല്‍കും. 10 മണിയോടെയാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കയറ്റിയത്. ട്വന്റി20 ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം അനേകം പേര് മോര്‍ച്ചറിക്കു മുന്നില്‍ എത്തിയിട്ടുണ്ട്
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ദീപുവിന്റെ മൃതദേഹം കിഴക്കമ്പലത്ത് പൊതുദര്‍ശനത്തിനുവെയ്ക്കും. വിലാപ യാത്രയായിട്ട് ആയിരിക്കും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുക. കര്‍മങ്ങള്‍ക്ക് ശേഷം പൊതുശ്മശാനത്തില്‍ ആവും മൃതദേഹം സംസ്കരിക്കുക.
കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.