കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷമാകും ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കുക. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി ദീപുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രിതന്നെ എത്തിച്ചിരുന്നു.
വൈകീട്ട് 5.30 ന് കാക്കനാട് അത്താണി പൊതുശമ്ശാനത്തില്‍ ആകും ദീപുവിനെ സംസ്കരിക്കുക. അതിന് മുമ്പ് ട്വന്റി 20 നഗറില്‍ മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്ക് കൊണ്ടുപോകും. ചടങ്ങുകള്‍ക്കു ശേഷം സംസ്കരിക്കും. കാക്കനാട് അത്താണിയിലെ പൊതു ശ്മശാനത്തിലാണ് സംസ്കാരം. കഴിഞ്ഞ 12 നാണ് വിളക്കണയ്ക്കല്‍ സമരത്തിനിടെ ദീപുവിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. തിങ്കളാഴ്ച രാവിലെയാണ് രക്തം ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ദീപുവിനെ പ്രവേശിപ്പിച്ചത്. ആന്തരികരക്തസ്രാവമുണ്ടെന്നും കൂടുതല്‍ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടര്‍ന്ന് ദീപുവിനെ രാജഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാല്‍ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദീപുവിനെ പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്നലെ രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.