ഉത്തര്‍പ്രദേശില്‍ വിവാഹഘോഷത്തിനിടെ കിണറ്റില്‍ വീണ് പതിമൂന്ന് പേര് മരിച്ചു. രണ്ട് പേര് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ
കുശിനഗറില്‍ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മരിച്ചവരില്‍ 10 പേര് സ്ത്രീകളാണ്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു
വിവാഹ വീട്ടിലെ ഹല്‍ദി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ചടങ്ങുകള്‍ കാണാനെത്തിയവര്‍ ഇരുന്ന സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്. കിണറ്റില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. അര്‍ദ്ധരാത്രി വരെ രക്ഷാപ്രവര്‍ത്തനം നടന്നിരുന്നു.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.