സ്വപ്‌ന സുരേഷിനെതിരെയുള്ള സൈബർ ആക്രമണം രൂക്ഷമാകുന്നു. ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെ അപസ്മാരം ബാധിച്ചു കുഴഞ്ഞുവീണ സ്വപ്‌ന സുരേഷിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിഹസിച്ചാണ് സൈബർ ആക്രമണം നടക്കുന്നത്. സ്വപ്‌ന കരയുന്നതിന്റെയും കുഴഞ്ഞു വീഴുന്നതിന്റെയും വീഡിയോകൾ സഹിതമാണ് ആക്രമണം. ഇന്നലെ വൈകിട്ട് മുതൽ ഫേസ് ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചാരണം നടക്കുന്നത്.
‘പാവം ആരുടെയോ വാക്ക് കേട്ട് ഇറങ്ങിത്തിരിച്ചതാണ് ഒരു വലിയ യുദ്ധം ജയിക്കാൻ അവസാനം എല്ലാവരും കൈവിട്ടു’ ‘മാദ്ധ്യമങ്ങളുടെ കൈയ്യിലും തെറ്റുണ്ട്. ഒരു താക്കോൽകൂട്ടമില്ലാതെ പോയതിന്’ തുടങ്ങിയ പോസ്റ്റുകളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഇന്നലെ തന്റെ അഭിഭാഷകനെതിരെ കേസെടുത്ത വാർത്ത പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വപ്‌ന മാദ്ധ്യമങ്ങളെ കണ്ടത്. ഒരു തീവ്രവാദിയെപ്പോലെ തന്നെ വേട്ടയാടുകയാണെന്നും അഭിഭാഷകന്റെ സേവനം പോലും നിഷേധിക്കുകയാണെന്നും ഉൾപ്പെടെ പറഞ്ഞ് വികാരധീനയായിട്ടായിരുന്നു അവരുടെ പ്രതികരണം. മാദ്ധ്യമങ്ങളുടെ മുൻപിൽ അവർ കരയുകയും ചെയ്തിരുന്നു. ഇതിനൊടുവിലായിരുന്നു അപസ്മാരം ബാധിച്ച് കുഴഞ്ഞുവീണത്. ഇതും മാദ്ധ്യമങ്ങളിൽ ലൈവായി കാണിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടാണ് പ്രചാരണം നടക്കുന്നത്.