സിപിഐ പത്തനാപുരം മണ്ഡലം സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ്ക്കെതിരെ രൂക്ഷ വിമര്‍ശനം. ഗണേഷ് കുമാര്‍ എംഎല്‍എ ഇടതുപക്ഷ സ്വഭാവമാര്‍ജിച്ചിട്ടില്ലെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ സിപിഎം ശ്രമിച്ചതായും സിപിഐ കുറ്റപ്പെടുത്തി.
ഗണേഷ് കുമാറിന് ഇടതുപക്ഷ സ്വഭാവമില്ലെന്നും മന്ത്രിമാരോട് അലര്‍ജിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗണേഷ് കുമാറിന്റെ തെറ്റായ പ്രവര്‍ത്തനരീതി മൂലം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മണ്ഡലത്തില്‍ വേണ്ട രീതിയില്‍ പ്രതിഫലിക്കുന്നില്ല. ഗണേഷ് കുമാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണെന്നും എംഎല്‍എയുടെ സാന്നിധ്യത്തില്‍ എല്‍ഡിഎഫ് യോഗം ചേരാനാകുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു.
2001ല്‍ സിപിഐ പ്രവര്‍ത്തകരോട് കാട്ടിയ അതേ നിലപാടാണ് എംഎല്‍എ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. തന്നിഷ്ടപ്രകാരമാണ് എംഎല്‍എയുടെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഗണേഷ്‌കുമാറിന് മന്ത്രിമാരോട് അലര്‍ജിയാണ്. സിപിഐ പ്രവര്‍ത്തകരോടുള്ള ഗണേഷിന്റെ സമീപനത്തിലും എതിര്‍പ്പുണ്ട്.
സിപിഎമ്മിനും റിപ്പോര്‍ട്ടില്‍ രൂക്ഷമവര്‍ശനം ഉണ്ട്. കേരള കോണ്‍ഗ്രസ് ബിക്കൊപ്പം ചേര്‍ന്ന് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ സിപിഎം ശ്രമിച്ചു. പലയിടത്തും വിമതരെ നിര്‍ത്തി. ഭരണസമിതികളില്‍ സിപി ഐക്ക് പ്രാതിനിധ്യം നല്‍കുന്നില്ല, പത്തനാപുരത്തെ മുന്നണി സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.