വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ മെഗാ റാലി ഇന്ന്. ഡല്‍ഹി രാം ലീല മൈതാനത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റാലി നടക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാട്ടുകയാണ് റാലിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് രാഹുല്‍ ഗാന്ധി റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കും. പ്രതിഷേധം കണക്കിലെടുത്ത് രാംലീല മൈതാനത്തും പരിസരത്തും പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്.
ബ്ലോക്ക് ജില്ല സംസ്ഥാന തലങ്ങളിലായി മാസങ്ങളായി തുടരുന്ന സമര പരിപാടികളുടെ സമാപനമാണ് മെഹംഗായി പര്‍ ഹല്ല ബോല്‍ റാലി. രാജ്യത്തെ മുഴുവന്‍ പിസിസികളില്‍ നിന്നുള്ള പങ്കാളിത്തം രാംലീല മൈതാനത്ത് ഉണ്ടാകും. സോണിയ ഗാന്ധി വിദേശത്തായതിനാല്‍ രാഹുല്‍ ഗാന്ധിയാകും റാലിക്ക് നേതൃത്വം നല്‍കുക. പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നതില്‍ വ്യക്തതയില്ല.