ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ ഗ്രന്ഥശാല പ്രവര്‍ത്തക സംസ്ഥാന സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു കൂട്ടര്‍ വഴി തടയുന്നുവെന്നും, ചില പ്രത്യേക തരം വസ്ത്രങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ടെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയാണ്. ചില ശക്തികള്‍ നിക്ഷിപ്തതാത്പര്യത്തോടെ വ്യാജപ്രചാരണം നടത്തുകയാണ്. അതിന്റെ ഭാഗമായാണ് കറുത്ത മാസ്‌കും വസ്ത്രവും തടയുന്നു എന്ന പ്രചാരണമെന്നും കണ്ണൂരില്‍ നടക്കുന്ന ഗ്രന്ഥശാല പ്രവര്‍ത്തകസംസ്ഥാന സംഗമത്തില്‍ പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
ഈ നാട്ടില്‍ വഴിനടക്കാനുള്ള സ്വാതന്ത്ര്യം ഒരുകൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. ചില ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ പ്രബുദ്ധ കേരളം അതൊന്നും സമ്മതിച്ചുതരില്ല. ഈ പരിപാടിയില്‍പങ്കെടുത്ത പലരും പല തരത്തില്‍ വസ്ത്രം ധരിച്ചവരാണ്. കേരളത്തിലേതൊരാള്‍ക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്.എത്ര മാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികള്‍ നിക്ഷിപ്തതാത്പര്യത്തോടെയാണ് ചില കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് കറുത്ത വസ്ത്രം, മാസ്‌ക് ധരിക്കരുത് എന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാടെടുത്തു എന്ന പ്രചാരണം നടത്തുന്നത്.
നമ്മുടെ നാടിന്റെ പ്രത്യേകത എല്ലാ തരത്തിലും കാത്ത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും, ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ് അക്കാര്യത്തില്‍. കള്ളക്കഥകള്‍ മെനയുന്ന ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും നല്ല നടപടിയെടുക്കാനും ഞങ്ങള്‍ മുന്നിലുണ്ടാകും – മുഖ്യമന്ത്രി പറയുന്നു