ഏകീകൃത സിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല, അത് പരസ്യമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്നും കെ സുരേന്ദ്രന് പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കുകയാണ് ഏകീകൃത നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിജാബ് വിഷയത്തിലും ഏകീകൃത സിവില്‍ വിഷയത്തിലും അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ കേരള ഗവര്‍ണക്കെതിരേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായ ആക്ഷേപങ്ങളാണ് സിപിഎമ്മിന്റേയും മുസ്ലീം ലീഗിന്റേയുമെല്ലാം ഭാഗത്തു നിന്നുണ്ടാകുന്നതെന്നും കെ സുരേന്ദ്രന് വിമര്‍ശിച്ചു. അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള ആക്ഷേപങ്ങളാണ് നടക്കുന്നത്. അത് ശരിയായ നടപടിയല്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
കെഎസ്ഇബിയിലെ ചെറിയ അഴിമതി മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും കെ.സുരേന്ദ്രന് വിമര്‍ശിച്ചു. സിഐടിയുവിന്റെ ഇടപെടല്‍ മാഫിയാ സംഘത്തെപ്പോലെയാണ്. മന്ത്രിയെ നോക്കുകുത്തിയാക്കി സിഐടിയുവാണ് ഭരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.