കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ചു 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ആണ് യെല്ലോ അലർട്ടുള്ളത്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ ജനലും വാതിലും അടച്ചിടണം. തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.
വരുന്ന നാല് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ നാളെയും 12 ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങൾ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.