ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ന് തൃശൂര്‍ ജില്ലയിയിലെ മലയോര മേഖലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകുന്നേരം ആറ് വരെ തുടരും. ഇന്ന് ജില്ലയില്‍ മലയോര മേഖല ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എം എം വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂര്‍ക്കര, ആറ്റൂര്‍, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂര്‍ എന്നീ വില്ലേജുകളിലാണ് ഹര്‍ത്താല്‍. 1 കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന സുപ്രീം കോടതി നിര്‍ദേശം പീച്ചി, വാഴാനി, ചിമ്മിനി തുടങ്ങി വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന വില്ലേജുകളിലെ ജനങ്ങളെയാകെ ബാധിക്കും. ഇതിനു പരിഹാരം വേണമെന്നാണ് എല്‍ഡിഎഫ് ആവശ്യം.
വയനാടും ഇടുക്കിയും അടക്കമുള്ള ജില്ലകളില്‍ ഏതാനും ആഴ്ചകളായി പ്രതിഷേധം ശക്തിപ്പെടുകയാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിലാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രതിഷേധം നടക്കുന്നത്. വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും അടങ്ങുന്ന സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി മാറ്റണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളോ ഖനനമോ വികസന പ്രവര്‍ത്തനങ്ങളോ പാടില്ലെന്നും നിര്‍ദ്ദേശിക്കുന്നു.