ജലനിരപ്പുയര്‍ന്നതോടെ വയനാട് ബാണാസുര സാഗര്‍ ഡാം തുറന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ 35 ക്യുമിക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്.
ശനിയാഴ്ച പെയ്ത കനത്ത മഴയോടു കൂടിത്തന്നെ ഇന്നലെ ഉച്ചയോടുകൂടി ഡാം തുറക്കാനുള്ള തീരുമാനമെടുത്തിരുന്നു. സെക്കന്‍ഡില്‍ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഞായറാഴ്ച്ച രാത്രിയോടെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററിലേക്ക് ജലനിരപ്പ് എത്താന്‍ സാധ്യതയുള്ളതിനാലാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്.
ആവശ്യമെങ്കില്‍ 35 ഘനയടി വെള്ളം തുറന്നുവിടാന്‍ അനുമതിയുണ്ട്. സമീപപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുന്‍പ് വെള്ളം സാരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ള ആളുകളെയൊക്കെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടുള്ള എല്ലാ മുന്‍ കരുതലുകളും ജില്ലാഭരണകൂടം സ്വീകരിച്ചിരുന്നു.