കോഴിക്കോട് ബാലുശേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജിഷ്ണുവിന് നേരെ നടന്ന ആൾക്കൂട്ട ആക്രമണക്കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെയും ഇടത് അനുഭാവിയെയും ഒഴിവാക്കി പൊലീസ്. കേസിലെ 11,12 പ്രതികളെയാണ് ഒഴിവാക്കിയത്. ഡിവൈഎഫ്ഐ പ്രവർത്തകനും ഇടത് അനുഭാവിയും ഒഴികെ മറ്റെല്ലാവർക്കും കേസിൽ പങ്കെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എസ്ഡിപിഐ, ലീഗ് പ്രവർത്തകരായ പ്രതികളാണ് ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ചത്. ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുക.
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമായ ജിഷ്ണു രാജിനെ എസ്ഡിപിഐയുടെ കൊടി തോരണങ്ങൾ നശിപ്പിച്ചോ എന്ന് ചോദിച്ചായിരുന്നു മർദിച്ചത്. നശിപ്പിച്ചെന്ന് സമ്മതിക്കണം എന്ന് ആവശ്യപ്പെട്ടും ക്രൂരമായി മർദ്ദിച്ചു. കേസിൽ ഒൻപത് പേരെയാണ് ബാലുശ്ശേരി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിൽ ആകെ 29 പ്രതികൾ ആണുള്ളത്.
ജിഷ്ണുവിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കൂടുതൽ ശക്തമായ വകുപ്പ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയെങ്കിലും മുക്കി കൊല്ലാൻ ശ്രമിച്ച ജില്ലാ നേതാവ് സഫീർ ഉൾപ്പെടെയുള്ള പ്രതികൾ ഇനിയും ഒളിവിൽ തന്നെയാണ്.