സോളാര്‍ കേസിലെ പരാതിക്കാരിയുടെ പീഡന പരാതിയില്‍ പി. സി ജോര്‍ജിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 354,354എ വകുപ്പുകള്‍ ചുമത്തിയാണ് ജോര്‍ജിനെതിരെ കേസെടുത്തത്. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.
ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും. കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പി.സി.ജോര്‍ജ് നിലവില്‍ ഒമ്പത് കേസുകളില്‍ പ്രതിയാണ്.
അതേസമയം, പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവര്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. പി സി ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മര്‍ദ്ദമുണ്ട്. ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.
ഫെബ്രുവരിയില്‍ നടന്നെന്നു പറയുന്ന പീഡനം പരാതിയായി നല്‍കാന്‍ ഇത്രയും താമസിപ്പിച്ചത് ദുഷ്ടലാക്കോടെയാണ്. ഗസ്റ്റ് ഹൗസില്‍ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യത വിരളമാണ്. അതിനു ശേഷവും ഒരു പരാതിയും ഇവര്‍ ഗസ്റ്റ് ഹൗസിലെ സുരക്ഷാ ജീവനക്കാരോടു പോലും പറഞ്ഞിട്ടില്ല. ഇതില്‍ നിന്നെല്ലാം കേസിലെ ഗൂഡാ ലോചന വായിച്ചെടുക്കാമെന്നും പ്രതിവാദം ചൂണ്ടിക്കാട്ടി.