Home News ആറ്റുകാല്‍ പൊങ്കാല നാളെ; ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും

ആറ്റുകാല്‍ പൊങ്കാല നാളെ; ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും

55
0

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ നടക്കും. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കൊല്ലത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ഭക്തര്‍ക്ക് വീടുകളില്‍ ഈ സമയത്ത് പൊങ്കാലയിടാം.

1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങളോടെ നടത്താനാണ് ട്രസ്റ്റിന്റെ തീരുമാനം. ഭക്തജനങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ സമയനിഷ്ഠ പാലിച്ച് പൊങ്കാലയിടാനും ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിന് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കുന്നതിന്റെ പ്രായോഗികമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിച്ചത്.

നിലവില്‍ കൊവിഡ് വ്യാപന നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. പൊങ്കാലയില്‍ ജനകൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും, ഇതുംകൂടി കണക്കിലെടുത്താണ് പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചതെന്നും ട്രസ്റ്റ് വ്യക്തമാക്കി. പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇത്തവണ ക്ഷേത്രത്തില്‍ നിന്നും പൂജാരിരെയും നിയോഗിക്കില്ല. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല.

പൊങ്കാലക്കുള്ള മറ്റു ഒരുക്കങ്ങള്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ തവണയിലും പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായിരുന്നു നടത്തിയത്.

 

Previous articleകെ.എസ്.ഇ.ബി ഭൂമിയിലെ അനധികൃത നിര്‍മ്മാണം കോടതി ഉത്തരവ് ലംഘിച്ച്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
Next articleസച്ചിന്‍ദേവും ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു