Home News അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു

അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു

75
0
ആദിവാസി യുവാവ് അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സാക്ഷികളെ സ്വാധീനിച്ചതു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ മണ്ണാര്‍കാട് എസ്ഇഎസ്ടി കോടതി പുറപ്പെടുവിച്ച ഉത്തരവിനാണ് സ്റ്റേ. ഹൈക്കോടതി അനുവദിച്ച ജാമ്യം എങ്ങനെയാണ് വിചാരണക്കോടതിക്കു റദ്ദാക്കാന്‍ സാധിക്കുക എന്നു ഹൈക്കോടതി ആരാഞ്ഞു.
ജാമ്യം റദ്ദാക്കിയ വിചാണക്കോടതി നടപടിയില്‍ വരുന്ന തിങ്കളാഴ്ചയ്ക്കു മുമ്പ് വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. കക്ഷികളെ സ്വാധീനിച്ചിട്ടില്ല എന്നു വ്യക്തമാക്കി കേസിലെ രണ്ടും അഞ്ചും പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ നടക്കുന്നതു വ്യാജ പ്രചാരണമാണെന്നു വാദിച്ച പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനു തെളിവു പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും വാദിച്ചു.
മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ ലംഘിച്ചെന്നു കാണിച്ചു പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു വിചാരണക്കോടതി ജഡ്ജി കെ.എം.രതീഷ്‌കുമാര്‍ ജാമ്യം റദ്ദാക്കിയത്. കോടതിയില്‍ ഹാജരായ 3 പേരെ റിമാന്‍ഡ് ചെയ്തു. മറ്റു 9 പേര്‍ക്കായി വാറന്റ് പുറപ്പെടുവിച്ചു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരാഴ്ച അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി കോടതി തള്ളി. ഇതിനിടെ മറ്റു പ്രതികള്‍ ഒളിവില്‍പ്പോയി.
Previous articleസുപ്രീം കോടതിയില്‍ ജാമ്യം തേടി സിദ്ദിഖ് കാപ്പന്‍; വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് 
Next articleഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചാല്‍ ഇന്ത്യയില്‍ ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ