കെഎസ്ഇബിയില്‍ തട്ടിപ്പുകള്‍ നടന്നിട്ടുള്ളത് ആര്യാടന് മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണെന്ന എംഎം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. താന്‍ അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമെന്നും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് എം എം മണിയുടെ കാലത്താണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയത് എല്‍ഡിഎഫ് ഭരണകാലത്താണെും ആര്യാടന് മുഹമ്മദ് ആരോപിച്ചു. ‘വൈദ്യുതി ക്ഷാമമുണ്ടായപ്പോള്‍ സ്വകാര്യമേഖലയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുന്‍പ് കേന്ദ്രത്തിന്റെ പ്രത്യേക മാര്‍ഗനിര്‍ദേശമൊന്നും നിലനിന്നിരുന്നില്ല. പിന്നെയും വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ കരാര്‍ അതേപടി മുന്നോട്ടുകൊണ്ടുപോയി. കരാറില്‍ അപാകതയുണ്ടായിരുന്നെങ്കില്‍ ഇടത് സര്‍ക്കാരിന് കരാര്‍ റദ്ദാക്കാമായിരുന്നു’. ആര്യാടന് മുഹമ്മദ് പറഞ്ഞു.
കെഎസ്ഇബിയില്‍ കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതും ആര്യാടന് മുഹമ്മദ് മന്ത്രിയായിരുന്നപ്പോഴാണെന്നായിരുന്നു എം എം മണിയുടെ ആരോപണം. ആര്യാടന് മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ വച്ച് കോടികളുടെ നഷ്ടം വരുത്തി. അന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ പേര് പോലും താന്‍ പരാമര്‍ശിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ വേണമെങ്കില്‍ അന്വേഷണം നടത്തട്ടെ, തന്റെ കൈകകള്‍ ശുദ്ധമാണെന്നും എം.എം.മണി പറഞ്ഞിരുന്നു.