തൃശൂര്‍ അതിരപ്പള്ളിയില്‍ മൃഗങ്ങളില്‍ ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. ആന്ത്രാക്‌സ് ബാധിച്ച് ഈ മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുമ്പൂര്‍മുഴി മേഖലയില്‍ ഇത്തരത്തില്‍ കാട്ട് പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. മുന്‍ കരുതല്‍ എന്ന് നിലയില്‍ മേഖലയിലെ കന്നുകാലികളില്‍ വാക്സിനേഷന്‍ നടത്തുമെന്ന് വെറ്റിലപ്പാറ മൃഗാശുപത്രി അധികൃതര്‍ അറിയിച്ചു
മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകരുത്. അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
അതിരപ്പിള്ളി പഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. ആന്ത്രാക്‌സ് ബാധിച്ച പന്നികളെ മറവു ചെയ്തവര്‍ക്ക് ചികിത്സ നല്‍കും.
മുന്‍ കരുതലിന് അതിരപ്പിള്ളി പഞ്ചായത്തില്‍ ബോധവത്കരണം നടത്താനും തീരുമാനമായിട്ടുണ്ട്. ഏഴ് കാട്ടുപന്നികളാണ് അതിരപ്പിളളിയില്‍ ആന്ത്രാക്‌സ് ബാധിച്ച് ചത്തത്.
ചൊവ്വാഴ്ച പിള്ളപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ട കാട്ട് പന്നിയുടെ ജഡം മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് മരണ കാരണം ആന്ത്രാക്സ് മൂലമെന്ന് സ്ഥിരീകരിച്ചത്.
പന്നികളുടെ ജഡം കുഴിച്ചിടാന്‍ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ത്രാക്സ് രോഗം മനുഷ്യരിലേക്ക് പടരാന്‍ സാധ്യത കുറവാണെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.