ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിസ്താര വിമാനം സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ അടിയന്തരമായി ഇറക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 146 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുകെ-697 നമ്പർ വിമാനം പഞ്ചാബിലെ അമൃത്സറിലേക്ക് പോവുകയായിരുന്നു.
മുൻകരുതൽ നടപടിയെന്ന നിലയിൽ പൈലറ്റുമാർ ഉടൻ വിമാനം തിരിച്ച് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. സാങ്കേതിക പരിശോധനയ്ക്ക് ശേഷം 1330 മണിക്കൂറിന് യാത്രക്കാരെ അമൃത്സറിലേക്ക് പറത്താൻ മറ്റൊരു വിമാനം ഉടൻ തന്നെ ക്രമീകരിച്ചു. ആഭ്യന്തര വിമാനങ്ങൾക്കുള്ള ടെർമിനൽ നമ്പർ 2ലെ റൺവേ നമ്പർ 28 ലാണ് വിമാനം ഇറക്കിയത്.
അടിയന്തര ലാൻഡിംഗ് സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് ആറ് ഫയർ എഞ്ചിനുകൾ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചതായി അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ അഗാധമായ ഖേദം രേഖപ്പെടുത്തുന്നതായും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ മുൻഗണനയെന്നും വിസ്താര എയർലൈൻസ് അറിയിച്ചു.