ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപമുള്ള ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ അജ്ഞാതർ തകർത്തു. ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എഎ ഷുക്കൂർ ആരോപിച്ചു. ഇതെല്ലാം പിണറായിക്കെതിരായ ആക്ഷേപങ്ങളെയും ആരോപണങ്ങളെയും മറ്റൊരു വഴിക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൻ്റെ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ഇന്ന് കേരളം സന്ദർശിക്കുന്ന സാഹചര്യത്തിൽ ബോധപൂർവം കരുതിക്കൂട്ടി ചെയ്ത ആക്രമണമാണ് ഇതെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും എഎ ഷുക്കൂർ പറഞ്ഞു.
അതേസമയം, എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സമാധാനം നിലനിർത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി 11.30 ഓടെയാണ് എകെജി സെന്റർ ആക്രമിക്കപ്പെട്ടത്. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്.