എകെജി സെന്റർ ആക്രമിച്ചതിന് പിന്നാലെയുണ്ടായ പ്രതിഷേധത്തിനിടെ കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറ്. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ ഓഫീസിൻ്റെ ചില്ലുകൾ തകർന്നു. എകെജി സെൻ്റർ ആക്രമണത്തിനെതിരെ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് കോട്ടയം കോൺഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായത്.
ഇന്നലെ രാത്രി 11.30 ഓടെയാണ് എകെജി സെന്റർ ആക്രമിക്കപ്പെട്ടത്. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്.
എകെജി സെൻ്റർ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷാ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷൻ്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. കണ്ണൂർ ഡിസിസി ഓഫിസിനും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. പ്രധാന പാർട്ടി ഓഫീസുകൾക്കും സുരക്ഷാ ഒരുക്കും. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കാനും പൊലീസ് ആസ്ഥാനത്ത് നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി വരുന്നത് കണത്തിലെടുത്ത് വിമാനത്താവളത്തിലും വൻ സുരക്ഷയൊരുക്കും. പ്രശ്നസാധ്യത സ്ഥലങ്ങളിൽ കൂടുതൽ പേരെ വിന്യസിക്കും.