രാജ്യത്തെ പുതിയ വിമാനക്കമ്പനിയായ ആകാശ എയറിന്റെ ആദ്യ വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നു. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര. രാവിലെ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വിമാനം ഫ്ലാഗ്ഓഫ് ചെയ്തത്. 10.05ന് പുറപ്പെട്ട വിമാനം 11.25ന് ലാന്‍ഡ് ചെയ്തു.
മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ബംഗളൂരു-കൊച്ചി, ബംഗളൂരു-മുംബൈ, ബംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ ഈ മാസം അവസാനത്തോടെ സര്‍വിസ് ആരംഭിക്കാനാണ് പദ്ധതി. ചുരുങ്ങിയ ചിലവില്‍ വിമാനയാത്ര ഒരുക്കുകയെന്നതാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രധാന ലക്ഷ്യം. ടിക്കറ്റ് നിരക്കില്‍ മറ്റു കമ്പനികളേക്കാള്‍ പത്തു ശതമാനം വരെ കുറവുണ്ടാവുമെന്നും കമ്പനി അവകാശപ്പെടുന്നു.
നിലവില്‍ ആഭ്യന്തര വിമാന സര്‍വിസിന്റെ 55 ശതമാനവും ഇന്ഡിഗോക്കാണ്. പ്രമുഖ ഓഹരി വിപണി നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ആകാശ എയര്‍. കിങ് ഫിഷര്‍, എയര്‍ സഹാര തുടങ്ങിയ കമ്പനികള്‍ നഷ്ടം കാരണം അടിയറവു പറഞ്ഞ മേഖലയിലേക്കാണ് വര്‍ഷങ്ങള്‍ക്കുശേഷം പുതിയൊരു സ്വകാര്യ വിമാനകമ്പനി ഭാഗ്യം പരീക്ഷിക്കുന്നത്.