ബഫര്‍ സോണ്‍ വിധിയില്‍ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രന്‍. വിധിന്യായത്തിന് എതിരായി സുപ്രിംകോടതിയെ സമീപിക്കുക എന്നാണ് ഒരു വഴിയെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു. അത് ആലോചിച്ചപ്പോള്‍ അങ്ങനെ ഒരു വഴിയുണ്ട് എന്നാണ് ഇപ്പോഴത്തെ നിഗമനം. രണ്ടാമത്തെ വഴി ബഹുമാനപ്പെട്ട സുപ്രിംകോടതി തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ള വഴിയാണ്.
സുപ്രിംകോടതി പറഞ്ഞിട്ടുള്ളത് ഈ വിഷയവുമായി ബന്ധപ്പെട്ട് ആവലാതികള്‍ ഉള്ളവര്‍ക്ക്, വ്യക്തികളായാലും സംസ്ഥാന സര്‍ക്കാരുകളായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായാലും കേന്ദ്ര എംപവര്‍ കമ്മറ്റി മുഖാന്തിരം കേന്ദ്ര സര്‍ക്കാരിലൂടെ സുപ്രിംകോടതിയെ സമീപിക്കാമെന്നാണ്. ഈ വഴി കോടതി തന്നെ കാണിച്ചുതന്നതിനാല്‍ ആ വഴിയിലൂടെ സഞ്ചരിച്ച് പരിഹാരം കാണാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന കത്തുകള്‍ അയച്ചുകഴിഞ്ഞുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ട് ഇന്ന് തൃശൂര്‍ ജില്ലയിയിലെ മലയോര മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 1 കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന സുപ്രീം കോടതി നിര്‍ദേശം പീച്ചി, വാഴാനി, ചിമ്മിനി തുടങ്ങി വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന വില്ലേജുകളിലെ ജനങ്ങളെയാകെ ബാധിക്കും. ഇതിനു പരിഹാരം വേണമെന്നാണ് എല്‍ഡിഎഫ് ആവശ്യം.