ന്യൂഡൽഹി: പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി 31 അംഗ സിഖ് പ്രതിനിധി സംഘവുമായി ന്യൂഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. യോഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. സമൂഹത്തിന് വേണ്ടി പ്രധാനമന്ത്രി ചെയ്ത കാര്യങ്ങൾക്ക് നന്ദി പറയുന്നതിനാണ് തങ്ങൾ മോദിയെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ സമര കാലത്ത് സിഖ് സഹോദരന്മാർ നടത്തിയ ത്യാഗങ്ങളെ പ്രധാനമന്ത്രി അനുസ്മരിക്കുകയും അവരുടെ സംഭാവനകൾ അംഗീകരിക്കുകയും ചെയ്തു. സിഖുകാർ നേരിടുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തതായും അറിയിച്ചു. നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും സിഖ് സർവ്വകലാശാല നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള ചില അഭ്യർത്ഥനകൾ നടത്തിയതായും യോഗത്തിന് ശേഷം ഡൽഹി ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് ഹർമീത് സിംഗ് കൽക്ക പറഞ്ഞു.
2022ലെ പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് പ്രതീക്ഷയ്ക്കനുസൃതമായ പ്രകടനം നടത്താൻ കഴിഞ്ഞേക്കില്ലെന്നാണ് തിരഞ്ഞെടുപ്പിന് മുമ്പുള്ള സർവേകൾ പറയുന്നത്. ബിജെപിക്ക് വിനയായത് തർക്കവിഷയമായ മൂന്ന് കാർഷിക നിയമങ്ങളാണ്. അവ പൈവളിച്ചിരുന്നു. എന്നിരുന്നാലും, കർഷക സംഘങ്ങൾ ഒരു വർഷം നീണ്ടുനിന്ന പ്രക്ഷോഭം പഞ്ചാബിൽ പാർട്ടിയുടെ സാധ്യതകളെ ഇല്ലാതാക്കിയതായി വിശ്വസിക്കപ്പെടുന്നു.