Home News നാല് വര്‍ഷത്തേക്ക് സൈനികരാകാം; അഗ്നിപഥ് പദ്ധതിയിക്ക് തുടക്കം

നാല് വര്‍ഷത്തേക്ക് സൈനികരാകാം; അഗ്നിപഥ് പദ്ധതിയിക്ക് തുടക്കം

192
0

ഇന്ത്യയുടെ സൈനിക സേവനത്തിലേയ്ക്ക് യുവാക്കളെ എത്തിക്കാനുള്ള ‘അഗ്‌നിപഥ്’ പദ്ധതിക്ക് തുടക്കം. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളില്‍ ചുരങ്ങിയ കാലത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ‘അഗ്നിപഥ്’ എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്‌കീം സായുധ സേനയ്ക്ക് യുവത്വത്തിന്റെ മുഖം നല്‍കുന്ന ഒരു പരിവര്‍ത്തന സംരംഭമാണെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ യുവതലമുറയ്ക്ക് സൈന്യത്തില്‍ ചേരാന്‍ കഴിയും, പദ്ധതി ജിഡിപിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മൂന്ന് സേനകളുടേയും മേധാവികള്‍ പദ്ധതി പ്രഖ്യാപനം നടത്തും. അഗ്‌നിവീര്‍ എന്നാണ് കൗമാര സേനയ്ക്ക് സൈന്യം പേരിട്ടിരിക്കുന്നത്.

റിക്രൂട്ട്മെന്റ് പ്രക്രിയയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ തുടക്കത്തില്‍ നാല് വര്‍ഷത്തേക്ക് സൈനികരെ ഉള്‍പ്പെടുത്തുകയും അവരില്‍ ചിലരെ നിലനിര്‍ത്തുകയും ചെയ്യും. ‘അഗ്നിപഥ് പദ്ധതി പ്രകാരം, ഇന്ത്യന്‍ യുവാക്കള്‍ക്ക് ‘അഗ്നിവീര്‍’ ആയി സായുധ സേനയില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് സംബന്ധിച്ച് വിപുലമായ ആലോചനകള്‍ക്ക് ശേഷമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്ന സൈനികരെ ‘അഗ്നിവീര്‍’ എന്നാകും അഭിസംബോധന ചെയ്യുക. നിലവില്‍, ആര്‍മി യുവാക്കളെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനു കീഴില്‍ 10 വര്‍ഷത്തേക്കാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് 14 വര്‍ഷം വരെ നീട്ടാം.

ആറ് മാസ പരിശീലനത്തിന് ശേഷമാവും നാല് വര്‍ഷ നിയമനം. ഈ കാലയളവില്‍ 30,000 മുതല്‍ 40,000 വരെ ശമ്പളവും സൈനികര്‍ക്ക് ലഭിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരായിരിക്കും.

 

Previous articleമൃതദേഹം വിട്ടുകൊടുത്തശേഷം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയ സംഭവം: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Next articleവി ഡി സതീശനെ കൊല്ലുമെന്ന് ആക്രോശിച്ചു, അതിക്രമിച്ച് കയറിയത് ആസൂത്രിതം; പ്രതിപക്ഷ നേതാവിന്റെ ഓഫീസ്