നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കേണ്ടെന്ന വിചാരണ കോടതിവിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന് അതിജീവിത.മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കേണ്ട ആവശ്യമില്ലെന്ന ഉത്തരവില്‍ ഹൈക്കോടതി ഇടപെടണം. നീതിപൂര്‍വമായ വിചാരണ തന്റെ അവകാശമാണെന്നും അതീജീവിത കോടതിയെ അറിയിച്ചു
അതേസമയം മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി ഉത്തരവിനായി മാറ്റിവച്ചു. അന്വേഷണം വേഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രോസിക്യൂഷന് ദോഷമാണെന്നും കോടതി വ്യക്തമാക്കി. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കേണ്ടിവരുമെന്നും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് പരാമര്‍ശിച്ചു. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്നറിയാന്‍ കോടതിയുടെ പക്കലുളള മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മുന്‍പ് അതിജീവിതയോട് പറഞ്ഞിരുന്നു. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് നിങ്ങള്‍ തന്നെയല്ലേയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു.വാദം പൂര്‍ത്തിയാക്കിയ കോടതി ഹര്‍ജി വിധി പറയാനായി മാറ്റി.