കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ ആക്രമിക്കപ്പെട്ട നടി. കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്കി. ഹര്‍ജി നല്കാന് സമയം നല്‍കണമെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുന്‍പ് തെന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയാറാകണമെന്ന വ്യക്തമാക്കി കൊണ്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.
കക്ഷി ചേരുന്നതിനായി ഹര്‍ജി നല്‍കുന്നതിനായി സമയം അനുവദിക്കണമെന്ന് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ നടി ആവശ്യപ്പെടുകയായിരുന്നു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം.
അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.