കൊച്ചി മെട്രോയുടെ പാളത്തില്‍ നേരിയ അകല്‍ച്ച കണ്ടെത്തി. ഇടപ്പള്ളിക്ക് സമീപം പത്തടിപ്പാലത്ത് 347ാം നമ്പര്‍ തൂണിന് മുകളിലായാണ് പ്രശ്നം കണ്ടെത്തിയത്. കെ.എം.ആര്.എല്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. ഇവിടെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 20 കിലോമീറ്ററായി കുറച്ചു. മെട്രോ പാളം കെഎംആര്‍എല്‍ പരിശോധിക്കുകയാണ്.
പാളത്തില്‍ ചെറിയ ഒരു ചരിവാണ് കണ്ടെത്തിയത്. എന്നാല്‍ ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ടാഴ്ച്ച മുന്‍പ് നടത്തിയ ട്രാക്ക് പരിശോധനക്കിടെയാണ് പ്രശ്നം കണ്ടെത്തിയത്.
കോവിഡ് നിബന്ധനകളില്‍ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ തിങ്കള്‍ മുതല്‍ ട്രയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറച്ചിരുന്നു. തിങ്കള്‍ മുതല്‍ ശനിവരെ തിരക്ക് കൂടിയ സമയങ്ങളില്‍ ഇനി മുതല്‍ 7 മിനിറ്റ് 30 സെക്കന്റ് ഇടവിട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ 9 മിനിറ്റ് ഇടവിട്ടും ട്രയിന്‍ സര്‍വീസ് ഉണ്ടാകും.
ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന് വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം വിജയമായിരുന്നു. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റര്‍ ദൂരത്തേക്ക് കൂടി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചത്.
പുതിയ രണ്ട് സ്റ്റേഷനുകളിലും പത്ത് ശതമാനത്തിലേറെ ജോലി ഇനി പൂര്‍ത്തിയാകാനുണ്ട്. ഇത് കഴിയുന്നതോടെ പുതിയ പാത ഗതാഗതത്തിന് തുറക്കും. നിലവില്‍ 25.16 കിലോമീറ്ററില്‍ 22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. പുതിയപാത വരുമ്പോള്‍ സ്റ്റേഷനുകള്‍ 24 ആകും. ഇനി എസ്.എന്‍ ജംഗഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൂടി പാത നീട്ടും. ഇതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്