മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കൊരുക്കുന്നത് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങൾ. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടികളുണ്ടായിരുന്ന കോട്ടയത്തും കൊച്ചിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇതിനിടയിലും പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവും കരിങ്കൊടിയുമുണ്ടായി. ഈ സാഹചര്യത്തിൽ അതിലേറെ സുരക്ഷയാണ് ഇന്ന് മുഖ്യമന്ത്രിക്ക് രണ്ട് പരിപാടികളുള്ള മലപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. അതേസമയം വേദിക്ക് പുറത്ത് പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകരുടെ തീരുമാനം.
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തൃശൂര്‍ നഗരമധ്യത്തിലെ പാലസ് റോഡ് അടച്ചിട്ട് 12 മണിക്കൂര്‍ പിന്നിട്ടു. മുഖ്യമന്ത്രി രാമനിലയത്തില്‍ താമസിക്കുന്നതിനാല്‍ സുരക്ഷയുടെ പേരിലാണ് നടപടി. ഇന്നലെ വൈകിട്ട് 6.45 അടച്ച റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്.
രാമനിലയം ഗസ്റ്റ് ഹൗസില്‍ മാത്രം എ.സി ക്യാമ്പ് കമാൻറൻ്റ് അജയന്റെ നേതൃത്വത്തിൽ 50 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഒന്‍പതു മണിക്ക് മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോകുന്നതുവരെ നിയന്ത്രണം തുടരും. പാലസ് റോഡിൽ 30 പൊലീസുകാരെയും രാമനിലയത്തിന് ചുറ്റും 20 പൊലീസുകാരെയും നിയോഗിച്ചു. ചങ്ങരംകുളം ജില്ലാ അതിർത്തി വരെയുള്ള റോഡ് സുരക്ഷയ്ക്ക് തൃശൂർ എസിപി രാജു, കുന്നംകുളം എസിപി ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ 100 ലേറെ പോലീസുകാരെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്.
എസ് പി നേരിട്ട് സുരക്ഷക്ക് മേൽനോട്ടം വഹിക്കും. മുഴുവൻ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാർക്കാണ് ചുമതല നൽകിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണിക്ക് ശേഷം അടക്കും.