Home News ജസ്‌ന തിരോധന കേസ്‌: നിർണായക വഴിത്തിരിവിലേക്ക്

ജസ്‌ന തിരോധന കേസ്‌: നിർണായക വഴിത്തിരിവിലേക്ക്

21
0

കാഞ്ഞിരപ്പള്ളിയിലെ വിദ്യാർത്ഥിനി ജസ്‌നയുടെ തിരോധാനക്കേസിൽ വഴിത്തിരിവായി നിർണ്ണായക മൊഴി. മോഷണക്കേസ് പ്രതിയായിരുന്ന യുവാവിന് ജസ്‌നയുടെ തിരോധാനത്തിൽ അറിവുണ്ടെന്നാണ് സി.ബി.ഐക്ക് മൊഴി ലഭിച്ചത്. ഈ യുവാവിനൊപ്പം ജയിലിൽ കഴിഞ്ഞ മറ്റൊരു പ്രതിയുടേതാണ് വെളിപ്പെടുത്തൽ. പത്തനംതിട്ട സ്വദേശിയായ യുവാവ് ഒളിവിലെന്നും കണ്ടെത്തൽ. അഞ്ച് വർഷങ്ങൾക്ക് മുൻപ് മാർച്ച് 22ന് രാവിലെ എരുമേലിയിലെ വീട്ടിൽ
നിന്നിറങ്ങിയ ജസ്ന മരിയ ജെയിംസിനെ പിന്നീട് ആരും കണ്ടിട്ടില്ല. വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലുള്ള ക്രൈംബ്രാഞ്ച് നിഗമനങ്ങൾ തെറ്റെന്നും സി.ബി.ഐ പിന്നീട് കണ്ടെത്തി. എന്നാൽ നാല് മാസങ്ങൾക്ക് മുമ്പ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് സി.ബി.ഐക്ക് ഒരു ഫോൺവിളിയെത്തി. പോക്ക്‌സോ കേസിൽ പ്രതിയായ കൊല്ലം ജില്ലക്കാരന് ജസ്‌ന കേസിനെ കുറിച്ച് പറയാനുണ്ടെന്ന സന്ദേശം.സി.ബി.ഐ ഉദ്യോഗസ്ഥർ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു. മൊഴിയിലെ പ്രധാന ഭാഗം ഇവിടെയാണ്. ഈ യുവാവ് രണ്ട് വർഷം മുൻപ് മറ്റൊരു കേസിൽ പ്രതിയായി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവായിരുന്നു സെല്ലിൽ കൂടെക്കഴിഞ്ഞിരുന്നത്. അന്നൊരിക്കൽ ജസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നൂവെന്നായിരുന്നു വെളിപ്പെടുത്തൽ
പ്രതി നൽകിയ മേൽവിലാസം വഴി അന്വേഷിച്ച് സി.ബി.ഐ. മൂന്ന് കാര്യങ്ങൾ സ്ഥിരീകരിച്ചു. ഇങ്ങിനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. മൊഴി നൽകിയ പ്രതിക്കൊപ്പവുമായിരുന്നു ജയിൽവാസം. പത്തനംതിട്ടയിലെ മേൽവിലാസവും ശരിയാണ്. പക്ഷെ ജയിലിൽ നിന്നിറങ്ങിയ ശേഷം ഒളിവിലാണ്.രണ്ട് പ്രതികൾ ജയിലിൽ സംഭാഷണമായതിനാൽ ജെസ്‌നയെക്കുറിച്ചുള്ളത് വെറും വീരവാദമോ നുണയോ ആകാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. പക്ഷെ മറ്റൊരു തെളിവും ഇല്ലാത്തതിനാൽ ഈ പ്രതിയെ കണ്ടെത്തുകയാണ് അന്വേഷണത്തിൽ നിർണ്ണായകം.

Previous articleകെടിയു വിസി നിയമനം: നിയമോപദേശം തേടിയിട്ടില്ലെന്ന് ഗവർണ്ണർ
Next articleബോർഡർ ഗവാസ്കർ ട്രോഫി: ഇന്ത്യയ്ക്ക് തകർപ്പൻ ജയം