പട്ടിക വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സാമൂഹ്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഈ വര്‍ഷം 440 കോടി രൂപ ലൈഫ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഓരോ പട്ടിക വിഭാഗം കുടുംബങ്ങളുടെയും വിഷയങ്ങള്‍ സമഗ്രമായി പരിശോധിച്ച് പരിഹരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പദ്ധതികളാകും ഇനി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നു വര്‍ഷത്തിനകം ലൈഫ് പദ്ധതിയിലൂടെ പട്ടിക വിഭാഗക്കാരുടെ ഭവന നിര്‍മാണം ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. 2021-22 സാമ്പത്തിക വര്‍ഷം 418 കോടി രൂപ ലൈഫ് മിഷനിലേക്ക് പട്ടികജാതി – വര്‍ഗ വകുപ്പുകള്‍ കൈമാറിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളിലെ ഇരട്ടിപ്പ് ഒഴിവാക്കും. വിദ്യാഭ്യാസം , ആരോഗ്യം, അടിസ്ഥാന സൗകര്യം, ഭൂമി തുടങ്ങി ഓരോ പട്ടിക വിഭാഗം കുടുംബത്തിലും പ്രശ്‌നങ്ങള്‍ സൂക്ഷ്മ തലത്തില്‍ പരിശോധിച്ച് കണ്ടെത്തും.
തുടര്‍ന്ന് ഇവ പരിഹരിക്കാന്‍ കഴിയുന്ന പദ്ധതികളാകും ആവിഷ്‌ക്കരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുള്ള ഏജന്‍സികളെ പരിഗണിക്കും. അംബേദ്കര്‍ കോളനിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ വലിയ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ പി പി സുമോദ് എം എല്‍ എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പട്ടിക വിഭാഗം ജനങ്ങളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന പദ്ധതിയെപ്പറ്റി മന്ത്രി വിശദമാക്കിയത്.