Home News ലോക്‌സഭയിലെ പ്രതിഷേധം: രമ്യ ഹരിദാസും ടിഎന്‍ പ്രതാപനും അടക്കം നാല് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയിലെ പ്രതിഷേധം: രമ്യ ഹരിദാസും ടിഎന്‍ പ്രതാപനും അടക്കം നാല് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

103
0
പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന് ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തു. മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാര്‍. സഭാ കാലയളവ് വരെ സസ്പെന്‍ഷന്‍ തുടരും.
വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനുമാണ്  എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനിലായ കോണ്‍ഗ്രസ് എംപിമാര്‍ അല്പസമയത്തിനകം വിജയ് ചൗക്കിലെത്തി പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിഷേധം കനത്തതോടെയായിരുന്നു സ്പീക്കര്‍ ഓം ബിര്‍ല കര്‍ശനമായ നടപടി സ്വീകരിച്ചത്.  പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതിഷേധം പാടില്ലെന്ന് രണ്ടു മണിക്ക് ലോക്സഭ ആരംഭിച്ചപ്പോള്‍ തന്നെ സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. മൂന്നു മണിക്ക് സഭാ സമ്മേളനം ചേരുമ്പോള്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ ഘട്ടത്തില്‍ പ്ലക്കാര്‍ഡുകളും പ്രിന്റ് ചെയ്ത നോട്ടീസുകളും ഉള്‍പ്പെടെ ഉയര്‍ത്തിയുള്ള പ്രതിഷേധം പാടില്ലെന്നും സ്പീക്കര്‍ അറിയിച്ചിരുന്നു. എന്നാല്‍, മൂന്നു മണിക്ക് സമ്മേളനം ആരംഭിച്ചതോടെ പ്രതിപക്ഷ എം.പിമാര്‍ വിലക്ക് ലംഘിച്ച് പ്ലക്കാര്‍ഡുകളുമായി എത്തുകയായിരുന്നു.
അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമാവുകയാണ്. ഈ കാര്യം ഏറെ കാലമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ അക്കാര്യം പറയാന്‍ പാടില്ലെന്നും അതിന് സ്വാതന്ത്ര്യമില്ലെന്നുമാണ് പറയുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടിഎന്‍ പ്രതാപന്‍ എംപി വ്യക്തമാക്കി.
Previous articleകേരളത്തിലെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി; നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത്
Next articleകോട്ടണ്‍ ഹില്‍ സ്‌കൂളിലെ പരാതി; ഗതാഗതമന്ത്രിയെ തടഞ്ഞ് രക്ഷിതാക്കള്‍, സ്‌കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി