ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒപ്പിടാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍. ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അയച്ച ഫയലുകളില്‍ തിടുക്കപ്പട്ട് തീരുമാനം എടുക്കേണ്ടന്നാണ് ഗവര്‍ണറുടെ നിലപാട്.
എന്നാല്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അര മണിക്കൂറോളം ചര്‍ച്ച നടത്തിയിട്ടും ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെ ഓര്‍ഡിനന്‍സിലൂടെ നിലവില്‍ വന്ന നിയമഭേദഗതി റദ്ദാക്കപ്പെടും.
ഓര്‍ഡിനന്‍സില്‍ ഒപ്പിടണമെന്നും വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഗവര്‍ണര്‍ ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കാന്‍ ഉള്ള ഓര്‍ഡിനന്‍സില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനും സാധ്യത ഉണ്ട്.
നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകള്‍ ആണ് പുതുക്കി ഇറക്കുന്നതിനായി ഗവര്‍ണറുടെ പരിഗണനയില്‍ ഉള്ളത്. കഴിഞ്ഞമാസം 27ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്ത്. 28ന് രാജ്ഭവനിലേക്ക് അയച്ച ഫയലുകളില്‍ ഇതു വരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഡല്‍ഹിയിലുള്ള ആരിഫ് മുഹമ്മദ് ഖാന് 12ന് മാത്രമേ തിരുവനന്തപുരത്ത് തിരിച്ചെത്തൂ.